കൊല്ലത്തെ സിപിഎം നേതാവിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമാക്കുന്ന എംജി യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിപിഎം ശൂരനാട് ഏറിയ കമ്മറ്റി അംഗം പ്രദീപിന്റെ ഭാര്യ സിന്ദു കെഎസിന്റെ നിയമനം സംബന്ധിച്ച് മഹാത്മ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ സിറ്റി അരവിന്ദകുമാർ ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാന് അയച്ച റിപ്പോർട്ടാണ് പുറത്തായത്. നിയമന ലിസ്റ്റിൽ ഇടം നൽകുന്നതിന് വേണ്ടി കൂടുതൽ മാർക്ക് നൽകിയെന്ന പരാതിക്കാരുടെ വാദം ശരിവെച്ചാണ് വിസിയുടെ റിപ്പോർട്ട്. വിശദമായ അന്വേഷണത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റ് 12 നാണ് വിസി ഇത് സംബന്ധിച്ച റിപ്പോർട്ട് ഗവർണ്ണർക്ക് കൈമാറിയത്. 2014 ജനുവരിയിലാണ് കേവലം രണ്ട് വർഷത്തെ മാത്രം പ്രവൃത്തി പരിചയം ഉള്ള കെഎസ് സിന്ദുവിനെ എംജി യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള പരിമല ദേവസ്വം ബോർഡ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കുന്നത്. അന്ന് തന്നെ ഇത് അനധികൃതമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
യോഗ്യതകൾ വിലയിരുത്തി നൽകുന്ന കട്ട് ഓഫ് മാർക്കിൽ ഓരോ വർഷത്തെ പ്രവൃത്തി പരിചയത്തിനും രണ്ട് മാർക്ക് വീതമാണ് ഓരോ ഉദ്യോഗാർത്ഥികൾക്കും എംജി യൂണിവേഴ്സിറ്റി നൽകാറ്. എന്നാൽ ഷോർട്ട് ലിസ്റ്റിൽ ഇടം പിടിയ്ക്കുന്നതിനായി ഉന്നത സിപിഎം ബന്ധം ഉപയോഗപ്പെടുത്തി ആറ് മാർക്കാണ് സിന്ദു നേടിയത്. ഇതോടെയാണ് ഷോർട്ട് ലിസ്റ്റിൽ ഇടം തേടാനുള്ള അടിസ്ഥാന മാർക്കായ 64 മാർക്ക് സിന്ദുവിന് ലഭിക്കുന്നത്. ഇതോടെയാണ് പ്രവൃത്തി പരിചയം ഉള്ളവരെ പിന്തള്ളി സിന്ദുവിന് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുന്നത്. അഭിമുഖത്തിലെ മാർക്ക് കൂടിയായപ്പോൾ സിന്ദുവിന് നിയമനം ലഭിക്കുകയായിരുന്നു. നെറ്റ് ലഭിച്ചതിന് ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും ഒരു കോളേജിൽ ജോലി ചെയ്തെങ്കിൽ മാത്രമേ അധ്യാപക പ്രവൃത്തി പരിചയമായി പരിഗണിക്കൂ. എന്നാൽ നെറ്റ് നേടുന്നതിന് മുമ്പുള്ള അധ്യാപന പരിചയം ദേവസ്വം ബോർഡ് കോളേജിൽ പ്രവൃത്തി പരിചയമായി കണക്കാക്കി.
ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന് ശേഷം നടന്ന അഭിമുഖത്തിലും മാർക്ക് വാരിക്കോരി കൊടുത്തു. 30 മാർക്കുള്ള അഭിമുഖത്തിൽ 29.75 മാർക്ക് സിന്ദുവിന് ലഭിച്ചുവെന്നാണ് വിവരം. അപേക്ഷ സമർപ്പിച്ച സമയം മുതൽ ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടി സിപിഎം നേതൃത്വം ശക്തമായി ഇടപെട്ടുവെന്നാണ് ഇപ്പോൾ പുറത്തത് വരുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇന്റർവ്യൂവിൽ ഭരിക്കുന്ന പാർട്ടിക്കാരുടെ ആളുകൾക്കു ഉയർന്ന മാർക്ക് കൊടുക്കുന്ന രീതി ഇതിനു മുന്നേയും ഇടത്-വലത് മുന്നണികൾ ചെയ്തിട്ടുണ്ട്. പക്ഷെ അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുന്നേ തന്നെ അനധികൃതമായി മാർക്ക് സംഘടിപ്പിച്ചുള്ള ഒരു നിയമനം ഇത് ആദ്യം ആയിരിക്കുമെന്നാണ് പരാതിക്കാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നത്. മുതിർന്ന സിപിഎം കൊല്ലം ജില്ല കമ്മിറ്റി അംഗത്തിന്റെ പിന്തുണയിലാണ് പ്രദീപും ഭാര്യയും ചേർന്ന് ഈ അനധികൃത നിയമനം തരപ്പെടുത്തിയതെന്നാണ് നേരത്തെ പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ ഉയർന്ന് കേട്ട ആക്ഷേപം.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ശൂരനാട് വടക്ക് 17- വാർഡ് മെമ്പറും കൂടിയാണ് സിന്ദുവിന്റെ ഭർത്താവ് പ്രദീപ്. സംഭവത്തിനെതിരെ തുടക്കം മുതലേ കോൺഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികളുമായി ശൂരനാട് കോൺഗ്രസ് നേതൃത്വം ഉണ്ടായിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഗവർണ്ണർക്ക് ഉൾപ്പെടെ പരാതിയും നൽകിയിരുന്നു. വിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിന്ദുവിനെതിരെയുള്ള നടപടി ഇനി എടുക്കേണ്ടത് ചാൻസലർ കൂടിയായ ഗവർണ്ണറാണ്. വിഷയത്തിൽ അനധികൃത നിയമനത്തിന് പിന്തുണ നൽകിയ ഉദ്യോഗസ്ഥർക്ക് എതിരായുള്ള നിയമനടപടിയാണ് പരാതിക്കാർ ആവശ്യപ്പെടുന്നത്.