ചെന്നൈയിൽ എയർ ടാക്സി സർവീസ് വരുന്നു. ചെന്നൈ – നെയ്‌വേലി നഗരങ്ങളെ കൂട്ടിയിണക്കി ചെറുവിമാന സർവീസ് നടത്താനാണ് അനുമതി ലഭിച്ചത്. കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതി പ്രകാരം നെയ്‌വേലി വിമാനത്താവളത്തിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
കൽക്കരി മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ്റെ (എൻഎൽസി) ഉടമസ്ഥതയിലുള്ള കടലൂർ ജില്ലയിലെ നെയ്‌വേലി വിമാനത്താവളം മുഖേനെയാകും എയർ ടാക്സി സർവീസ് നടത്തുക. വിമാനത്താവളത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്കും വികസനത്തിനുമായി കേന്ദ്ര സർക്കാർ 15.38 കോടി രൂപ അനുവദിച്ചിരുന്നു. 14.98 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി കഴിഞ്ഞു. ഉഡാൻ പദ്ധതി പ്രകാരമാണ് നെയ്‌വേലി വിമാനത്താവളം പദ്ധതിക്കായി തെരഞ്ഞെടുത്തത്. വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തിന് മുന്നോടിയായി ഡിജിസിഎയുടെ പരിശോധനയും ലൈസൻസ് നടപടിയും പൂർത്തിയാകേണ്ടതുണ്ട്.