രേവതിയുടെ നിർണ്ണായക വെളിപ്പെടുത്തൽ,പുതിയ വഴിത്തിരിവ് ആകുമോ?

മലയാള സിനിമയെ നമുക്ക് നിലവിൽ മൂന്ന് കാലഘട്ടങ്ങളിലൂടെ വിലയിരുത്താം.. ദിലീപിന്റെ അറസ്റ്റിനു മുൻപും ശേഷവുമുള്ള സിനിമ. അത് പോലെ കൊവിഡിനു മുൻപും ശേഷവുമുള്ള സിനിമ. ഇപ്പോൾ, ഹേമ കമ്മിറ്റിക്കു മുൻപും ശേഷവുമുള്ള സിനിമ’ പേരു വെളിപ്പെടുത്തരുതെന്നു പറഞ്ഞ്, പുതിയ സംഭവികാസങ്ങളോട് ഒരു സിനിമയിലെ പ്രമുഖന്റേതായി മനോരമയിൽ വന്ന പ്രതികരണമാണ് ഇത്. നടിയെ ആക്രമിച്ച കേസിലാണ് ദിലീപ് അറസ്റ്റിലാകുന്നത്. അതിന് സമാനമായ പ്രതിസന്ധി സിനിമയിൽ ഉണ്ടാകില്ലെന്ന് അന്ന് എല്ലാവരും വിശ്വസിച്ചു. പിന്നെ കോവിഡ് എത്തി. അതും കാലക്രമേണ മറികടന്നു. ഇപ്പോഴത്തെ വിവാദം അക്ഷരാർത്ഥത്തിൽ മോളിവുഡിന് വെല്ലുവിളിയാണ്. ഇനി ഏതെല്ലാം നടനെതിരെ പ്രതികരണമെത്തുമെന്നതാണ് ഇതിനെല്ലാം കാരണം. ഇതിനെല്ലാം പുറമെ മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പിണറായി സർക്കാർ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് ഈ റിപ്പോർട്ട് മുൻ നിർത്തി വിവാദങ്ങൾ പടർന്നിരിക്കുന്നത്. വാർത്താ ചാനലുകൾ തമ്മിലുള്ള കിടമത്സരവും ഇതിന് ശക്തി പകർന്നിട്ടുണ്ട്. മൊത്തത്തിൽ പറഞ്ഞാൽ മലയാള സിനിമ ലോകം നിലവിൽ കത്തി പടരുകയാണ്….

നമ്മുടെ സർക്കാരിനെ ബാധിക്കുന്നത് തന്നെ ആദ്യം വിലയിരുത്താം..ബംഗാളി നടി ശ്രീലേഖ രഞ്ജിത്തിനെതിരെ രംഗത്ത് വന്നിരുന്നത് അറിഞ്ഞിരുന്നല്ലോ… തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിന് ഇപ്പോൾ രാജി വയ്ക്കേണ്ടിയും വന്നിരിക്കുകയാണ്. മാധ്യമങ്ങളിലൂടെ രഞ്ജിത്തിന് എതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി പശ്ചിമ ബംഗാളിലെ അറിയപ്പെടുന്ന സി.പി.ഐ അനുഭാവിയും, ആക്ടിവിസ്റ്റുമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇവർ സജീവമായി പ്രചരണ രംഗത്തുണ്ടായിരുന്നു. ഇത്തരമൊരു വ്യക്തി കേരളത്തിലെ ഇടതുപക്ഷ സർക്കാർ നിയോഗിച്ച ഉന്നത പദവിയിൽ ഇരിക്കുന്ന രഞ്ജിത്തിന് എതിരെ സി.പി.ഐ നേതൃത്വത്തോട് ആലോചിക്കാതെ സാധാരണ ഗതിയിൽ രംഗത്ത് വരികയില്ല. മാത്രമല്ല, രഞ്ജിത്തിൻ്റെ രാജി ആവശ്യപ്പെട്ട് ശക്തമായി രംഗത്ത് വന്നിരിക്കുന്നത് സി.പി.ഐ നേതാവ് ആനിരാജ ഉൾപ്പെടെയുളള നേതാക്കളുമാണ്. രഞ്ജിത്ത് രാജി വെച്ചില്ലെങ്കിൽ ചലച്ചിത്ര അക്കാദമിയിലേക്ക് മാർച്ച് നടത്തുമെന്നാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വെ.എഫ് നേതൃത്വവും പ്രഖ്യാപിച്ചിരുന്നു.

15 വർഷം മുൻപ് നടന്ന സംഭവമാണെന്ന് ചുണ്ടിക്കാട്ടി ബംഗാളി നടി ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയത് ചാനലുകളിലൂടെ ആണെങ്കിലും, അതിന് പിന്നിൽ കൃത്യമായ ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട് എന്ന് തന്നെയാണ് സി.പി.എം നേതൃത്വവും വിലയിരുത്തുന്നത്. എന്നാൽ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുന്നതാണ് സി.പി.എമ്മിൻ്റെയും സർക്കാരിന്റെയും നയമെന്നതിനാലാണ് ഇക്കാര്യത്തിൽ മറ്റുവാദങ്ങൾ സി.പി.എം നേതൃത്വം ഉയർത്താതിരുന്നിരുന്നത്. രഞ്ജിത്തിനെ ലക്ഷ്യമിട്ടു വന്ന ആരോപണത്തിനു പിന്നിൽ സി.പി.ഐക്കാരനായ പ്രമുഖ സംവിധായകൻ്റെ ‘കൃത്യമായ’ ഇടപെടൽ ഉണ്ട് എന്നു തന്നെയാണ് സി.പി.എം അനുഭാവികളായ സിനിമാ പ്രവർത്തകരും നേതൃത്വത്തെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

അതേസമയം, രഞ്ജിത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന കോൺഗ്രസ്സ് നേതൃത്വം യുവ നടിയുടെ വെളിപ്പെടുത്തലോടെ ഇപ്പോൾ വെട്ടിലായിട്ടുണ്ട്. കോൺഗ്രസ്സുകാരനായി അറിയപ്പെടുന്ന സിദ്ധിഖിന് പ്രമുഖ കോൺഗ്രസ്സ് നേതാക്കളുമായെല്ലാം നല്ല ബന്ധമാണ് ഉള്ളത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി പരിഗണിച്ചവരിൽ സിദ്ധിഖും ഉൾപ്പെട്ടിരുന്നു. അതേ സിദ്ധിഖിനെ തള്ളി പറയേണ്ട ഗതികേടാണ് കോൺഗ്രസ്സ് നേതൃത്വത്തിന് ഇപ്പോഴുള്ളത്. യുവ നടിയുടെ ഗുരുതര സ്വഭാവമുള്ള വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ താര സംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും സിദ്ധിഖ് ഇതിനകം തന്നെ രാജി വച്ചിട്ടുണ്ട്.

ബംഗാൾ നടി ഉന്നയിച്ചതിന് സമാനമായി വർഷങ്ങൾ പഴക്കമുള്ള ആരോപണവുമായാണ് സിദ്ധിഖിന് എതിരെ രേവതി സമ്പത്തും ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇതും മാധ്യമങ്ങൾ ആക്രമണ ആയുധമായി മാറ്റിയതോടെ ആ പ്രഹരമേറ്റ് സിദ്ധിഖിനും നിലവിൽ രാജിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. നടൻ റിയാസ് ഖാന് എതിരെയും ഇതേ യുവ നടി പുതിയ ആരോപണമുന്നയിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിൽ നടൻ മുകേഷിന് എതിരെ കാസ്റ്റിം​ഗ് ഡയറക്ടർ ടെസ്സയും രം​ഗത്തെത്തിയിട്ടുണ്ട്.. മുൻപ് മീറ്റു ആരോപണത്തിൽ മുകേഷിന് എതിരെ ആരോപണം ഉന്നയിച്ച യുവതിയാണ് വീണ്ടും കൂടുതൽ ശക്തമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സി.പി.എം എം.എൽ.എ കൂടിയാണ് മുകേഷ് എന്നതിനാൽ ഇത് പ്രതിപക്ഷവും ഇപ്പോൾ ഏറ്റുപിടിച്ചിട്ടുണ്ട്. കൂടാതെ ഇതിനു പുറമെ ജയ സൂര്യക്കെതിരെ ആരോപണവുമായി മീനു കുര്യനും സോണിയ മൽഹാറും രം​ഗത്തെത്തി.. ഇതാണ് സത്യത്തിൽ ഏവരെയും നടുക്കി കളഞ്ഞത്.. ജയസൂര്യയുടെ ഭാ​ഗത്ത് നിന്ന് ഇങ്ങനെ ഒന്ന് ആരും പ്രതീക്ഷിക്കാനിടയില്ലല്ലോ.. ഇതുകൂടി ആയതോടെ ആകെ കലങ്ങിമറിഞ്ഞിരിക്കുന്നത് ഇപ്പോൾ സിനിമാ മേഖല മാത്രമല്ല, രാഷ്ട്രീയ മേഖല കൂടിയും. ഇനിയും നിരവധി പേർ വെളിപ്പെടുത്തലുമായി വരും എന്ന അഭ്യൂഹവും മാധ്യമ മേഖലയിൽ ശക്തമാണ്.

ഇതിനെല്ലാം പുറമെ നടി രേവതിയും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ്‌ അവരുടെ നിലപാട് തുറന്ന് പറഞ്ഞിട്ടുണ്ട് അതാണിപ്പോൾ ചർച്ചയിൽ നിറയുന്നത്… ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ചില ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് നടിയും സംവിധായികയുമായ രേവതി ആരോപിച്ചു. റിപ്പോർട്ട് നേരത്തെ പരസ്യപ്പെടുത്തിയിരുന്നെങ്കിൽ പലരെയും രക്ഷിക്കാമായിരുന്നുവെന്നും രേവതി പറഞ്ഞു.താരസംഘടനയ്ക്കെതിരെ രേവതി വിമർശനം ഉന്നയിച്ചു. 2018ൽ ‘അമ്മ’ ഡബ്ല്യൂസിസിയുമായി സംസാരിക്കാൻ തന്നെ മടിച്ചിരുന്നു, അതേസമയം സർക്കാർ റിപ്പോർട്ട് പരസ്യമാക്കാൻ സർക്കാർ വൈകി. കാരണം നീതി വൈകി. നേരത്തെ പരസ്യമായിരുന്നെങ്കിൽ പലരെയും രക്ഷിക്കാമായിരുന്നു. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിൻ്റെ പേരിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരിൽ നിന്നുപോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി വ്യക്തമാക്കി. ആരോപണങ്ങളിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിനെയും അവർ സ്വാഗതം ചെയ്തു.

എന്നാൽ പരാതികളിൽ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലെ പവർ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ലെന്നും രേവതി പറഞ്ഞു. അതേസമയം സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞവരിൽ നിന്ന് മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. നാലു വനിത ഐ.പി.എസുകാർ ഉൾപ്പെട്ട സംഘത്തിൻ്റെ തലവൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി സ്പർജൻ കുമാറാണ്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായ എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ വന്ന വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി നിയമോപദേശം നൽകുകയും ചെയ്തു. പരാതി കിട്ടണമെന്ന് നിർബന്ധമില്ല. ആരോപണം പരിശോധിക്കാം. പോക്ക്സോ ആണെങ്കിൽ നിയമനടപടി തുടങ്ങാം. പൊതുജന മദ്ധ്യത്തിൽ വന്ന കാര്യങ്ങൾ ശ്രദ്ധയിൽപെട്ട സർക്കാരിന് തുടർ നടപടി എടുക്കാമെന്നായിരുന്നു നിയമോപദേശം.

https://youtu.be/jp-KYGnYyKM?si=Jvi1RY7QXcccf5Nw

Leave a Reply

Your email address will not be published. Required fields are marked *