മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ ‘നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ. ‘‘ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാർക്ക് മാത്രമേ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. ഇത് പരിശോധിക്കണം.’’ – വിശാൽ വെളിപ്പെടുത്തി.
അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം. സ്ത്രീകൾ ഇത്തരത്തിൽ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകുള്ളൂ എന്നും കേസെടുക്കാൻ താൻ പോലീസല്ല എന്നും വിശാൽ കൂട്ടിച്ചേർത്തു.
അതേസമയം വിമൻ ഇൻ സിനിമാ കളക്ടീവിന് (ഡബ്ല്യുസിസി) പിന്തുണയുമായി സാമന്ത റൂത്ത് പ്രഭുവും രംഗത്തെത്തി. സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴില്‍ അന്തരീക്ഷത്തിനായി പോരാടുന്നതില്‍ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു. ‘വർഷങ്ങളായി, കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവർത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്ബോള്, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു’ നടി സമാന്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
എന്നാൽ താരസംഘടന അമ്മയിലെ ഭരണസമിതിയുടെ കൂട്ടരാജിയില്‍ പാർവതി തിരുവോത്ത് പ്രതികരിച്ചത് അമ്മയുടെ ആ തീരുമാനം ഭീരുത്വമാണെന്നും മറുപടി പറയേണ്ട ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു. ഒരു അഭിമുഖത്തിലാണ് പാർവ്വതി നിലപാട് വ്യക്തമാക്കിയത്