ക്രീം എക്സ് എമിറേറ്റ്സ് മെയ്ഡ് ഇൻ ദുബായ് അല്ല, ചങ്ങനാശ്ശേരിയിലെ വീട്ടടുക്കളയിലെ തട്ടിക്കൂട്ട് ക്രീം

ഏറ്റുമാനൂർ മം​ഗളം കോളേജിലെ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥി കുളത്തുമാട്ടിൽ മുഹമ്മദ് ഫിയാസിന്റെ സ്വന്തം പ്രോഡക്ടാണ് എന്റെ കൈയ്യിലിരിക്കുന്ന ഈ ക്രീം എക്സ് എമിറേറ്റ്സ്. നല്ല പാക്കിം​ഗ്, പുറമെ നിന്ന് നോക്കിയാൽ ഒരു ലുക്കൊക്കെയുണ്ട്. ദുബായിലെ മജാസ് കോസ്മറ്റിക്ക് എന്ന കമ്പനിയാണ് ഈ മുഖം വെളുക്കാനുള്ള ക്രീം നിർമ്മിക്കുന്നതെന്നാണ് ഇതിന്റെ ബോക്സിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ പേരിന് ഒരു വെബ്സൈറ്റ് പോലുമില്ലാത്ത ഇങ്ങനെയൊരു കോസ്മറ്റിക്ക് കമ്പനി ദുബായിൽ പ്രവർത്തിക്കുന്നതായി ഞങ്ങളുടെ ദിവസങ്ങളോളം നീണ്ട അന്വേഷണത്തിൽ ഇതുവരെ കണ്ടെത്താനായിട്ടില്ല.മാത്രവുമല്ല, മുഹമ്മദ് ഫിയാസിനും സംഘത്തിനും ഇറക്കുമതി ലൈസൻസ് ഇല്ലതാനും. ഇനിയീ കവർ തുറന്ന് നോക്കാം. ഇൻ​ഗ്രീഡിയൻസ്, ഡയറക്ഷൻ ടു യൂസ്, ബെനിഫിറ്റ്സ് തുടങ്ങി കവറിലുള്ള അതേ കാര്യങ്ങൾ മാത്രം. ബോട്ടിൽ തുറന്ന് നോക്കിയാൽ ഒരു ലൈറ്റ് പിസ്ത കളറിലുള്ള ക്രീം കാണാം. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുകിയ മുഖത്ത് അപ്ലൈ ചെയ്ത്, കുറച്ച് നേരം മസ്സാജ് ചെയ്ത് കിടന്ന്, രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ദിവസങ്ങൾക്കുള്ളിൽ മുഖം വെട്ടിത്തിളങ്ങുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.

ശരിയാണ് വളരെപ്പെട്ടന്ന് തന്നെ മുഖം വെട്ടിത്തിളങ്ങും. പക്ഷെ അത് വൃക്കരോ​ഗത്തിനും കാൻസറിനും കാരണമാകുമെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായത്. ചില ലോഹ മൂലകങ്ങൾ അനുവദിച്ചതിലും പതിൻമടങ്ങ് ക്രീം എക്സ് എമിറേറ്റ്സിൽ ഉപയോ​ഗിച്ചത് കൊണ്ടാണ് പെട്ടന്നുള്ള ഈ റിസൾട്ട് എന്നാണ് പ്രമുഖ ഡോക്ടർമാർ ഫസ്റ്റ് റിപ്പോർട്ടിനോട് പ്രതികരിച്ചത്. ക്രീമിലെ ലോഹമൂലകങ്ങൾ രക്തത്തിൽ കലർന്ന് വൃക്കയെ വളരെ വേ​ഗത്തിൽ ബാധിക്കാൻ സാധ്യതയേറെയാണ്. വൃക്കകളുടെ അരിപ്പയുടെ അരിക്കൽ ശേഷി ഇവ നഷ്ടപ്പെടുത്തും. അരിക്കൽ ശേഷി നഷ്ടപ്പെടുന്നതോടെ പ്രോട്ടീനുകൾ ക്രമാതീതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകും. ശരീര ഭാരം കൂടുക, അമിതമായ ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം, അണുബാധ തുടങ്ങിയ രോ​ഗലക്ഷണങ്ങളാണ് പിന്നീട് ഉണ്ടാവുക.

മാത്രവുമല്ല, ക്രീം എക്സ് എമിറേറ്റ്സ് ഉപയോ​ഗിക്കുന്ന 10 എട്ട് പേരുടെയെങ്കിലും ചർമ്മത്തിന് പുറത്തെ സ്ട്രാറ്റം കോർണയം എന്ന ആവരണത്തെ ഇത്തരം വൈറ്റ്നിം​ഗ് ക്രീമുകൾ നശിപ്പിക്കും. ഇതോടെ ചർമ്മം വളരെ വേ​ഗം സെൻസിറ്റീവ് ആകും. പിന്നീട് ചെറിയ ചൂട് പോലും സഹിക്കാൻ പറ്റാത്ത അവസ്ഥയാകും ചർമ്മം. മാത്രവുമല്ല, പലതരം ഇൻഫെക്ഷനുകൾക്കും ഇത് കാരണമാകുമെന്നാണ് പ്രമുഖ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

ഇനി ക്രീം എക്സ് എമിറേറ്റ്സിനെക്കുറിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്ന് വ്യക്തമായ ചില കാര്യങ്ങൾ. പ്രസ്തുക ക്രീമാവട്ടെ കേന്ദ്ര സർക്കാരിന്റെ ഡ്ര​ഗ്സ് ആന്റ് കോസ്മറ്റിക്ക് ആക്ട് – 1940 പ്രകാരമുള്ള ഒരു റൂളുകളും പാലിച്ചിട്ടില്ല. സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർ​ഗനൈസേഷന്റെ അം​ഗീകാരമുള്ള കോസ്മറ്റിക്ക് ഉൽപ്പന്നങ്ങൾ മാത്രമേ ഇന്ത്യയിൽ വിൽക്കാവുള്ളൂ എന്ന നിയമം നിലനിൽക്കെയാണിത്. മാത്രവുമല്ല, ഒരു തരത്തിലുള്ള ക്ലിനിക്കൽ ടെസ്റ്റും ക്രീം എക്സ് എമിറേറ്റ്സ് വിധേയമായിട്ടില്ല.

ഇതിനേക്കാളേറെ ഞങ്ങളെ അത്ഭുതപ്പെടുത്തിയത്, ദുബായിിൽ നിന്ന് നിർമ്മിക്കുന്നതെന്ന് അവകാശപ്പെടുന്ന ഈ ക്രീം യഥാർത്ഥത്തിൽ തയ്യാറാക്കുന്നതും പാക്ക് ചെയ്യുന്നതും മുഹമ്മദ് ഫിയാസിന്റെ ചങ്ങനാശ്ശേരി പുതൂർ ചന്തയ്ക്ക് സമീപമുള്ള വീട്ടിൽ വെച്ച് തന്നെയാണ്. മാത്രവുമല്ല, ഒരുതരത്തിലുള്ള ആരോ​ഗ്യപ്രവർത്തകരും ഇതിന്റെ നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഇവ പരിശോധിക്കുന്നില്ല എന്നതാണ് ന​ഗ്നമായ സത്യം. പിന്നെ ക്രീം എക്സ് എമിറേറ്റ്സ് ഉപയോ​ഗിച്ചാൽ ഉണ്ടാകുന്ന സൈഡ് എഫക്ട്സിന് ആര് ഉത്തരം പറയും…? ഇത്രയും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ക്രീം ആവട്ടെ ഓൺലൈൻ സൈറ്റുകളിലും സോഷ്യൽ മീഡിയ പേജുകളിലുമായി ഇപ്പേോഴും തകൃതിയായി വിൽപ്പന നടത്തുകയാണ്.

ഈ കാണുന്നതാണ് യൂത്ത് ഫേസ് ക്രീം. മുഹമ്മദ് ഫിയാസ് കഴിഞ്ഞ മൂന്ന് വർഷമായി ഈ ക്രീമിന്റേയും വിൽപ്പനക്കാരനാണ്. കഴിഞ്ഞ സെപ്റ്റബറിൽ യൂത്ത് ഫേസ് ക്രീം ഉപയോ​ഗിച്ച മലപ്പുറത്തെ 11 പേർക്ക് അത്യഅപൂർവ്വമായ വൃക്കരോ​ഗം പിടിപെട്ടിരുന്നു.

മെമ്പർനസ് നെഫ്രോപതിയെന്ന വൃക്ക രോ​ഗമാണ് യൂത്ത് ഫേസിന്റെ ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ചെയ്തത്. രോ​ഗം മൂർച്ഛിച്ച 14 കാരി യൂത്ത് ഫേസ് ഉപയോ​ഗിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു കോട്ടക്കൽ മിംമ്സ് ആശുപത്രിയിലെ ഡോക്ടർമാരായ സജീഷ് ശിവദാസനും രഞ്ജിത്ത് നാരായണനും ചേർന്ന് വിശദമായ പഠനം നടത്തിയത്. മെർക്കുറി, കാഡ്മിയം അടക്കമുള്ള ലോഹ മൂലകങ്ങൾ അനുവദനീയമായതിലും 100 ഇരട്ടി യൂത്ത് ഫേസിൽ അന്ന് കണ്ടെത്തിയിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ചുരുക്കിപ്പറഞ്ഞാൽ ഹാൻസ് ഉൾപ്പടെയുള്ള നിരോധിത പുകയില വിൽപ്പനപോലെ തന്നെ മുഹമ്മദ് ഫിയാസും സംഘവും ചെയ്യുന്ന വലിയൊരു ക്രൈം തന്നെയാണ് അം​ഗീകാരമില്ലാത്ത, കാൻസറിന് കാരണമായേക്കാവുന്ന ക്രീം വിൽപ്പനയും. ഇനി ഞങ്ങളുടെ പരമ്പരയുടെ ആദ്യഭാ​ഗം പുറത്ത് വന്നതിനെത്തുടർന്ന് ലഹരി മാഫിയയിലെ കണ്ണിയായ ഫിയാസ് ഫസ്റ്റ് റിപ്പോർട്ടിന്റെ ഓഫീസ് നമ്പറിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതും പ്രേക്ഷകർ തീർച്ചയായും കേൾക്കേണ്ടതാണ്. വാർത്ത കൊടുക്കാതിരിക്കാൻ ഞങ്ങൾക്ക് പണം വാ​ഗ്ദാനം ചെയ്തതിന്റെ ഓഡിയോ പുറത്ത് വിട്ടതിന്റെ അമർഷമായിരുന്നു സംസാരത്തിലുടെനീളവും.

Leave a Reply

Your email address will not be published. Required fields are marked *