ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗംഗാവലി പുഴയുടെ ആഴങ്ങളിൽ കീഴ്മേൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ട്രക്ക്. ട്രക്കിൽ അർജുൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം പറഞ്ഞു.ഡൈവർമാരെ ഇറക്കി ട്രക്കിൽ അജുൻ ഉണ്ടോ എന്ന് പരിശോധിക്കും, അതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കുക.നാളെ രാവിലെ ഏഴു മണിക്ക് ട്രക്ക് എടുക്കാനുള്ള പരിശ്രമം തുടരും. ഇരുമ്പു വടം ട്രക്കിൽ ബന്ധിച്ചാവും പരിശ്രമം. രാവിലെ എട്ടുമണിയോടെ മണ്ണുനീക്കാനുള്ള പ്രവർത്തനം ആരംഭിച്ചേക്കും. ഇന്ന് ദൗത്യം നിർണായകഘട്ടത്തിൽ എത്തിയപ്പോൾ കാലാവസ്ഥ വില്ലനായി. മൺകൂനകളുടെ ഉള്ളിൽ നിന്ന് ട്രക്ക് പൊക്കിയെടുക്കാനായില്ല.
നേവിയുടെ സോണാർ പരിശോധനയിലും സൈന്യത്തിന്റെ റഡാർ പരിശോധനയിലും ഗംഗാവലിപ്പുഴയുടെ തീരത്ത്, ദേശീയപാതയോടു ചേർന്ന് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി ഉച്ചയ്ക്ക് മൂന്നര മണിക്കാണ് കർണാടക റവന്യു മന്ത്രി മംഗള കൃഷ്ണ വൈദ്യയും സൈന്യവും സ്ഥിരീകരിച്ചത്. ഉത്തര കന്നഡ ജില്ല ഭരണകൂടവും ഈ വിവരം കർണാടക സർക്കാരിനെ അറിയിച്ചു.