ദുരന്ത ഭൂമിയായി വയനാട്. ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ വന്‍ ദുരന്തം. കുട്ടികളടക്കം 41 പേരുടെ മരണം ആണ് ഇതുവരെ സ്ഥിരീകരി ച്ചിരിക്കുന്നത്.ഇനിയും മരണസംഖ്യ ഉയർന്നേക്കും. നിരവധി പേരെ കാണാതായിട്ടുണ്ട്.മേപ്പാടി ആശുപത്രിയില്‍ 18 മൃതദേഹങ്ങളും സ്വകാര്യ ആശുപത്രിയില്‍ ആറ് മൃതദേഹങ്ങളുമാണ് ഉള്ളത്.പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. 70 ലധികം ആളുകള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.അട്ടമലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഞ്ച് പേരുടെ മൃതദേങ്ങള്‍ മെഡിക്കല്‍ കോളേജിലുണ്ട്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. നിര്‍ഭാഗ്യകരമായ സംഭവമെന്നും മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേർ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാർമല സ്‌കൂൾ ഒന്നാകെ മണ്ണിനടിയിലായി.
സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണർന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുൻപേ പലരും മണ്ണിനടിയിലായി. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്.
അതേസമയം ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 10 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹം രാവിലെ തന്നെ കണ്ടെടുത്തു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നിഗമനം.പനങ്കയം പാലത്തിന്റെ അടിയിൽ നിന്ന് ഏഴുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചതായി നാട്ടുകാർ അറിയിച്ചു. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമഗ്രികളും ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രംഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെള്ളിലമ്പാറ കോളനിയിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭൂതാനം മച്ചിക്കൈയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിലമാട് നിന്ന് മൃതദേഹഭാഗം ലഭിച്ചു. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.