മുൻകൂർ ജാമ്യം തേടി കോടതിയില്‍ മുകേഷ് സമർപ്പിച്ച തെളിവുകള്‍ നിഷേധിച്ച് പരാതിക്കാരിയായ നടി. ഇമെയില്‍ അയച്ചെന്ന വാദമടക്കമാണ് പരാതിക്കാരി നിഷേധിച്ചത്.ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്നടിയുടെ പ്രതികരണം.’ ഹർജിയില്‍ പറയുന്ന ഇമെയിലിനെക്കുറിച്ച് എനിക്കോർമയില്ല. വേറെ ചില കാര്യങ്ങള്‍ എനിക്ക് ഓർമയുണ്ട്. അദ്ദേഹത്തെ പരിചയപ്പെട്ട സമയം എന്റെ കൈയില്‍ ലാപ്ടോപ്പ് ഉണ്ടായിരുന്നു. 2009ല്‍ കലണ്ടർ സിനിമയുടെ സെറ്റില്‍ വച്ച്, ഈ ലാപ്ടോപ് എന്നെ വീട്ടില്‍ വന്ന് പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ചിലപ്പോള്‍ റോംഗ് ആയിട്ടായിരിക്കാം ചോദിച്ചത്. എന്തായാലും അന്ന് ഈ പുള്ളിക്കാരന് ലാപ്ടോപ്പിനെപ്പറ്റി ഒന്നും അറിയത്തില്ല. മാത്രമല്ല അന്ന് ഇമെയില്‍ സന്ദേശത്തിന് വലിയ പ്രസക്തിയുമില്ല. ഇതെല്ലാം കെട്ടിച്ചമച്ചതാണ്. കേസില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള നമ്ബരാണെന്നാണ് എനിക്ക് തോന്നുന്നത്.’- നടി പറഞ്ഞു.
മുകേഷിന്റെ കൊല്ലത്തെ വീട്ടില്‍ പോയിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു. മുകേഷിന്റെ മരടിലെ വില്ലയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നും അതിനുള്ള തെളിവുകളുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതിയില്‍ പരാതിക്കാരിക്ക് ഗൂഢലക്ഷ്യമുണ്ടെന്നായിരുന്നു മുകേഷ് ജാമ്യഹർജിയില്‍ ആരോപിച്ചത്. തന്റെ സിനിമാ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടാണ് ആരോപണമെന്നും ഇത് തെറ്റെന്ന് തെളിയിക്കാൻ 2009 മാർച്ച് ഏഴിന് അയച്ച മെയില്‍ സന്ദേശം തെളിവായുണ്ടെന്നും ഹർജിയില്‍ പറയുന്നു.