ഹൈവേ ശൃംഖല ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി രാജ്യത്തുടനീളം 74 പുതിയ തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്ര സർക്കാർ. 273 കിലോമീറ്റർ ദൂരത്തിൽ ഇന്ത്യയിലുടനീളം 74 തുരങ്കപാതകൾ നിർമിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. സ്വപ്നപദ്ധതിക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ചെലവ്. രാജ്യത്തിൻ്റെ ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മെഗാ പ്രൊജക്ട് വൈകാതെ ആരംഭിക്കും.15,000 കോടി രൂപ ചെലവഴിച്ച് 49 കിലോമീറ്റർ ദൈർഘ്യത്തിൽ 35 തുരങ്കപാതകൾ സർക്കാർ ഇതിനകം പൂർത്തിയാക്കി. 134 കിലോമീറ്റർ ദൈർഘ്യമുള്ള 69 തുരങ്കങ്ങൾ നിർമാണത്തിലാണ്.
ഈ പദ്ധതിയുടെ ഏകദേശച്ചെലവ് 40,000 കോടി രൂപയാണെന്ന് മന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി. നിർമിക്കാൻ പോകുന്ന 74 പുതിയ തുരങ്കപാതകൾ നിലവിലുള്ള പ്രോജക്ടുകൾക്കൊപ്പം കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയെ നയിക്കാനും വാഗ്ദാനം ചെയ്യുന്നതാണെന്ന് മന്ത്രി പറഞ്ഞു.