ജനറൽ നഴ്സിംങ്ങ് കോഴ്സുകളുടെ ഫീസ് മൂന്നിരട്ടിയായി ഉയർത്താൻ പിണറായി വിജയൻ സർക്കാരിന്റെ നീക്കം. ജൂലൈ അവസാനം 2024 ജിഎൻഎം ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് തുടങ്ങാനിരിക്കെയാണ് വർഷം 72000 രൂപയാക്കി ഫീസ് പുതുക്കി നിശ്ചയിക്കാൻ നീക്കം നടക്കുന്നത്. നഴ്സിംഗ് കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾക്കിടെതന്നെ ഏതാനം അംഗങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. പാവപ്പെട്ട നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഇത് തിരിച്ചടിയാകുമെന്നും ഇവർ വാദിച്ചു. എന്നാൽ പ്രതിഷേധം വകവെയ്ക്കാതെ മാനേജ്മെന്റ് തീരുമാനങ്ങൾക്ക് ഒപ്പം നിൽക്കുന്നവരെ മാത്രം ചേർത്ത് സബ് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു നഴ്സിംഗ് കൗൺസിൽ. അടുത്ത നഴ്സിംഗ് കൗൺസിൽ യോഗത്തിൽ സബ് കമ്മിറ്റി തയ്യാറാക്കിയ സ്വകാര്യ മാനേജ്മെന്റിന് അനുകൂലമായ റിപ്പോർട്ട് യോഗത്തിൽ വെയ്ക്കും. തുടർന്ന് നഴ്സിംഗ് കൗൺസിൽ റിപ്പോർട്ട് സർക്കാരിന് കൈമാറും. സർക്കാരും അനുമതി നൽകുന്നതോടെ ഫീസ് വർദ്ധന ഈ അദ്ധ്യായന വർഷം തന്നെ പ്രാബല്യത്തിൽ വരും. ബി എസ് സി നേഴ്സിംങ്ങിന്റെ ഫീസ് നിർണയിക്കുന്നത് റെഗുലേറ്ററി കമ്മീഷൻ ആണെങ്കിൽ ജനറൽ നേഴ്സിങ്ങിന്റെ ഫീസ് നിർണയിക്കുന്നത് സർക്കാരും നേഴ്സിങ്ങ് കൗൺസിലും ചേർന്നാണ്. ബി എസ് സി നേഴ്സിങ് ഫീസ് ഇത്തവണ വർദ്ധിപ്പിച്ചിട്ടില്ല. അപ്പോഴാണ് ജനറൽ നേഴ്സിങ് ഫീസ് വർദ്ധിപ്പിക്കാൻ ധാരണയായിരിക്കുന്നത്.
ഇതോടെ മൂന്നര വർഷം നീണ്ട ജിഎൻഎം ഡിപ്ലോമ കോഴ്സ് പഠിച്ചിറങ്ങാൻ ഒരു വിദ്യാർത്ഥിക്ക് ഏതാണ്ട് മൂന്ന് ലക്ഷത്തോളം രൂപ ഫീസിനത്തിൽ മാത്രം വേണ്ടി വരും. സ്വകാര്യ മേഖലയിലാണെങ്കിൽ അഞ്ച് ലക്ഷത്തിന് മുകളിൽ ചിലവാകും. ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഫീസ് വർദ്ധനവിനോട് ഇതിനകം തന്നെ പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നാണ് വിവരം.
നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളാണ് ജിഎൻഎം ഡിപ്ലോമ പഠിക്കുന്നവരിൽ 99 ശതമാനവും. നിലവിൽ 22000 വാർഷിക ഫീസുള്ള ജനറൽ നേഴ്സിങ് കോഴ്സിന് വാർഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യം. സംസ്ഥാനത്ത് ഏകദേശം 8000 ത്തോളം വിദ്യാർത്ഥികളാണ് പ്രതിവർഷം ജിഎൻഎം പഠിച്ചിറങ്ങുന്നത്. സെപ്തംബർ മാസത്തിൽ അടുത്ത ക്ലാസ്സുകൾ ആരംഭിക്കാനിരിക്കെയാണ് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് മേലുള്ള സർക്കാരിന്റെ ചാട്ടവാറടി.
ഇതിൽ തീരുന്നതല്ല സർക്കാരിന്റെ സ്വകാര്യ മാനേജ്മെന്റ്കളോടുള്ള സ്നേഹം. വ്യാപകമായി ജനറൽ നേഴ്സിങ് കോഴ്സ് തുടങ്ങാൻ നേഴ്സിങ് കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. കണ്ടീഷനൽ അഫിലിയേഷൻ എന്നുള്ളതാണ് ഇത്തവണ സർക്കാർ നേഴ്സിങ് കൗൺസിൽ നൽകിയ നിർദ്ദേശം. അതായത് വിദ്യാർത്ഥികളുടെ അഡ്മിഷൻ നടത്തിയ ശേഷം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ഒരു നഴ്സിംഗ് വിദ്യാർഥിക്ക് മൂന്നു രോഗികൾ വേണമെന്നാണ് നിയമം. എന്നാൽ 20 കിടക്കകളുള്ള ആശുപത്രികളിൽ 80 സീറ്റുകൾ വരെ നൽകിയിട്ടുണ്ട് നേഴ്സിങ് കൗൺസിൽ. ചുരുക്കത്തിൽ സ്വകാര്യ മാനേജുമെന്റുകൾക്ക് വേണ്ടി അടിസ്ഥാന സൗകര്യ പോലും ഇല്ലാത്ത ഇടങ്ങളിൽ പോലും നഴ്സിംഗ് പഠനത്തിന് അനുമതി നൽകിയ സർക്കാർ പാവപ്പെട്ട കുട്ടികളെ പഠനത്തിലും വഞ്ചിക്കുകയാണ്. ഫീസിനത്തിലെ വർദ്ധന കൂടിയാകുമ്പോൾ മാനേജ്മെന്റുകൾക്ക് ലാഭം ഉണ്ടാക്കാൻ സർക്കാർ സാധാരണക്കാരെ ചൂഷണം ചെയ്യുന്നു എന്നത് വ്യക്തമാവുകയാണ്.