അങ്ങിനെയെങ്കില്‍ ടെസ് ല കാറും ഹാക്ക് ചെയ്യാം: ഇലോണ്‍ മസ്കിനെ എയറിൽ കയറ്റി രാജീവ് ചന്ദ്രശേഖര്‍

ദില്ലി; ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ഹാക്ക് ചെയ്യാമെന്ന വിവാദ പ്രസ്താവനയുമായെത്തിയ ഇലോൺ മസ്ക്കിന് അതേഭാഷയിൽ തന്നെ മറുപടി നൽകി മുൻ കേന്ദ്ര ഐടി മന്ത്രി രാജീന് ചന്ദ്രശേഖർ. ഇലോണ്‍ മസ്ക് പറയുന്നത് പോലെയാണെങ്കിൽ അദ്ദേഹത്തിന്റെ കമ്പനി നിര്‍മ്മിക്കുന്ന ടെസ് ല കാറിനെയും ഹാക്ക് ചെയ്യാന്‍ കഴിയുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ഇലോണ്‍ മസ്കിന്റെ ആരോപണം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആയുധമാക്കിയതോടെയാണ് രാജീവ് ചന്ദ്രശേഖര്‍ പ്രത്യാക്രമണം കടുപ്പിച്ചത്. ഇലോണ്‍ മസ്കിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു: “ഞാന്‍ ഇലോണ്‍ മസ്കല്ല, പക്ഷെ എനിക്കും സാങ്കേതികവിദ്യയെക്കുറിച്ച് ചില അറിവുകളുണ്ട്. അത് പ്രകാരം നോക്കിയാല്‍ ലോകത്ത് സുരക്ഷിതമെന്ന് പറയാവുന്ന ഒരു ഡിജിറ്റല്‍ ഉപകരണമോ ഇലക്ട്രോണിക് ഉപകരണമോ ഇല്ല. അങ്ങിനെ നോക്കിയാല്‍ ടെസ് ല കാറിനെയും ഹാക്ക് ചെയ്യാനാവുമെന്ന് ഒരാള്‍ക്ക് പറയാം. പക്ഷെ ഞാന്‍ അത് പറയുമ്പോള്‍ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ജനങ്ങളുടെ ധാരണയെ അല്‍പം കുഴപ്പിക്കുകയാണെന്ന് പറയാം. “- ഇലോണ്‍ മസ്കിന്റെ പ്രസ്താവനയില്‍ ഉള്ളടങ്ങിയിട്ടുള്ള കുഴപ്പങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ത്യയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ആര്‍ക്കും ഹാക്ക് ചെയ്യാൻ സാധിക്കുന്നവയല്ലെന്നും, വളരെ പരിമിതമായ രഹസ്യ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ഉപകരണം മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമെന്നും രാജീവ് ചന്ദ്രശേഖര്‍ വിശദമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ ഹാക്ക് ചെയ്യാമെന്നാണ് ഇലോണ്‍ മസ്ക് പറയുന്നതെങ്കില്‍ അദ്ദേഹത്തിന്റെ ടെസ് ല കാറിനെയും ഹാക്ക് ചെയ്യാന്‍ പറ്റും,- രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുക, ആ സംഖ്യ എത്രയെന്ന് സൂക്ഷിച്ചുവെയ്‌ക്കുക എന്ന ദൗത്യം മാത്രമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം നല്‍കുന്നത്. എല്ലാ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും ഹാക്ക് ചെയ്യാമെന്നത് വാസ്തവവിരുദ്ധമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ഇലോൺമസ്ക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യൻ തിരെഞ്ഞെടുപ്പ് കമ്മീഷനും വെല്ലുവിളിയുമായി രം​ഗത്ത് എത്തിയിരുന്നു. ഇവിഎം ഹാക്ക് ചെയ്ത് കാണിക്കാനാണ് തിരെഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോ​ഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ വെല്ലുവിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *